തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതാക്കന്മാരെ സംരക്ഷിച്ച് കീഴ്ഘടകങ്ങൾക്ക് ചോദ്യാവലി തയ്യാറാക്കി സിപിഐഎം. പരാജയ കാരണങ്ങൾ വിശദീകരിക്കാനാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി ചോദ്യാവലി തയ്യാറാക്കിയത്. എന്നാൽ നേതാക്കന്മാർക്ക് വീഴ്ചയുണ്ടോ എന്ന ചോദ്യം ഉൾപ്പെടുത്തിയിട്ടില്ല.
താഴെത്തട്ടിൽ നിന്നുള്ള പരിശോധന അടുത്ത ദിവസത്തോടെ ആരംഭിക്കും. കനത്ത തോൽവി പഠിക്കാനായി ലോക്കൽ കമ്മിറ്റികൾക്ക് നൽകിയ ചോദ്യാവലിയിൽ 34 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന നേതാക്കൾക്ക് വീഴ്ച ഉണ്ടായോ എന്ന ചോദ്യമില്ലാതെയാണ് ചോദ്യാവലി തയ്യാറാക്കിയിട്ടുള്ളത്. യോഗത്തിൽ മറ്റ് സംഘടനാ കാര്യങ്ങൾ പരിശോധിക്കേണ്ടെന്ന് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ട് രേഖപ്പെടുത്തണം. സ്ക്വാഡ് പ്രവർത്തനവും വിലയിരുത്തണം. എത്ര തവണ സ്ക്വാഡ് പ്രവർത്തനം നടത്തി എന്നും എത്ര വീടുകൾ കയറിയെന്നും എണ്ണം അറിയിക്കണം. വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന അടിസ്ഥാന വർഗ തൊഴിലാളികളുമായുള്ള കമ്മിറ്റികൾ രൂപീകരിച്ചോ എന്നും ചോദ്യാവലിയിൽ ചോദ്യമുണ്ട്. താഴെത്തട്ടിൽ വോട്ട് ചോർന്നതിന് കാരണമെന്ത് എന്ന് വ്യക്തമാക്കി അറിയിക്കണം. ഏരിയ കമ്മിറ്റി ഓഫീസിൽ യോഗത്തിന് ശേഷം ഉടൻ തന്നെ ചോദ്യാവലിയുടെ ഉത്തരം ഹാജരാക്കാനും നിർദേശമുണ്ട്.
