തിരുവനന്തപുരം എസ്‌എ.ടി ആശുപത്രിയിൽ അവിവാഹിതയായ യുവതി ക്ലോസറ്റിൽ പ്രസവിച്ച നവജാത ശിശു മരിച്ചു. വണ്ടിത്തടം സ്വദേശിനിയായ 20-കാരി ഗ്രീഷ്മയാണ് ആശുപത്രിയിലെ ക്ലോസറ്റിൽ കുഞ്ഞിനെ പ്രസവിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ആറുമാസം വളർച്ചയെത്തിയ ഭ്രൂണം ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ചശേഷം ഫ്ളഷ് ചെയ്യുകയായിരുന്നു. നേരത്തേ ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചശേഷമാണ് യുവതി ആശുപത്രിയിലെത്തിയത്. ഇതിനിടെ രക്തസ്രാവമുണ്ടായതോടെ യുവതി ശുചിമുറിയിലേക്ക് പോയി. ഇവിടെവെച്ചാണ് ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ചത്. പിന്നാലെ യുവതി കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.
ശുചിമുറിയിൽനിന്ന് പുറത്തേക്ക് വന്ന യുവതിയുടെ വസ്ത്രത്തിൽ രക്തക്കറയും മറ്റും കണ്ടതോടെ സംശയം തോന്നിയ ജീവനക്കാർ കാര്യം തിരക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ആശുപത്രി ജീവനക്കാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസവത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഗ്രീഷ്മ എസ്‌എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്.
