കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തിയെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തിൽ വൻ ഇടിവ്. യുഡിഎഫ് സ്ഥാനാർഥി ഫർസീന അറക്കൽ 436 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ ഫാത്തിമ തഹ്ലിയ നേടിയ 2,273 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ 436 ആയി കുറഞ്ഞത്.
മലപ്പുറം ജില്ലയിൽ വേങ്ങര, കാലടി, താനാളൂർ, മങ്കട പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. വേങ്ങരയിലും താനാളൂരിലും യുഡിഎഫ് സീറ്റ് നിലനിർത്തിയപ്പോൾ കാലടിയിലും മങ്കടയിലും എൽഡിഎഫ് സീറ്റ് നിലനിർത്തി.
വേങ്ങരയിലും താനാളൂരിലും ഭൂരിപക്ഷം ഉയർത്താനായത് യുഡിഎഫിന് നേട്ടമായി. എന്നാൽ മങ്കടയിലെ ഫലമാണ് ശ്രദ്ധേയമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ച മങ്കടയിൽ ഇത്തവണ എൽഡിഎഫിനെതിരെ യുഡിഎഫ്-വെൽഫെയർ പാർട്ടി സഹകരണത്തോടെയാണ് മത്സരം നടന്നത്.
എന്നാൽ സഹകരണമുണ്ടായിട്ടും എൽഡിഎഫിനെ മറികടക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. മങ്കടയിലെ ഫലം യുഡിഎഫ്-വെൽഫെയർ പാർട്ടി സഹകരണത്തിനെതിരെ എൽഡിഎഫ് ഉയർത്തിയ രാഷ്ട്രീയ പ്രചാരണത്തിന് കരുത്തേകുന്നതാണെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ
