സംസ്ഥാനത്ത് അഞ്ച് ദിവസത്തിനുള്ളിൽ കാലവർഷമെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. നിലവിൽ ലക്ഷദീപ് തീരങ്ങളിലും കന്യാകുമാരി പ്രദേശങ്ങളിലേക്കും കാലവർഷം വ്യാപിച്ചതായാണ് സൂചന. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമായേക്കും. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. നാളെ ആറ് ജില്ലകളിലും മറ്റന്നാൾ എട്ട് ജില്ലകളിലും മഴ മുന്നിയിപ്പുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശമുണ്ട്. അതേസമയം ദുരന്തസാധ്യതകൾ മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും അടിയന്തരമായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദ്ദേശം നൽകി.
എന്നാൽ ഇത്തവണ മൺസൂൺ മഴ സാധാരണയിലും കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.എൽ നിനോ പ്രതിഭാസത്തിൻ്റെ ഫലമായിട്ടാണ് ഈ സീസണിൽ മഴ കുറയുകയെന്ന് ഐഎംഡി വെള്ളിയാഴ്ച അറിയിച്ചു.ഈ വർഷം മൺസൂൺ മഴ ‘സാധാരണയിലും താഴെ’ ആയിരിക്കുമെന്ന പ്രവചനമാണ് ഐഎംഡി വെള്ളിയാഴ്ച നടത്തിയത്. തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ കുറവുണ്ടാകാനുള്ള സാധ്യത 60 ശതമാനമാണ്. ഇതോടെ പല പ്രദേശങ്ങളും സാധാരണയേക്കാൾ വരണ്ട അവസ്ഥയോ വരൾച്ചയോ നേരിട്ടേക്കാം. ജൂണിൽ സാധാരണയേക്കാൾ കുറഞ്ഞ മഴയും ഉയർന്ന താപനിലയും രാജ്യത്തെ പല പ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന ഉഷ്ണതരംഗങ്ങൾക്ക് കാരണമാകും
