സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമുണ്ട്. പതിനാല് ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരുകയാണ്.
മധ്യകേരളത്തിൽ രാത്രിയോടെ കനത്ത മഴ ലഭിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും രാവിലെ മഴ ശക്തമായി. ആലപ്പുഴ, കോട്ടയം ജില്ലകളിൽ രാവിലെ മൂന്ന് മണിക്കൂർ നേരത്തേക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.
രാത്രിയോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയുണ്ട്. എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ കനത്തേക്കും.തെക്കൻ തമിഴ്നാട് തീരത്തെ ചക്രവാതച്ചുഴി, പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റ്, ഫിലിപ്പീൻസ് തീരത്തെ കുജിര ചുഴലി എന്നിവയുടെ വിദൂര സാന്നിധ്യമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമാകുന്നത്.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത വേണം. ദുരന്തസാധ്യതയുള്ള മേഖലകളിൽനിന്ന് ആവശ്യമായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.
ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിലും ജാഗ്രത വേണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.നാളെയും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
