പകർച്ചവ്യാധി പ്രതിരോധത്തിൽ സ്വകാര്യ ആശുപത്രികളെക്കൂടി പങ്കാളികളാക്കാൻ സർക്കാർ തീരുമാനം. ഇതടക്കമുള്ള ഉന്നതതല കമ്മിറ്റി ശുപാർശകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് മാസത്തേക്ക് തുടർച്ചയായ ശുചീകരണ, ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. പകർച്ചവ്യാധി ബാധിത പ്രദേശങ്ങളിൽ വിദഗ്ദ്ധസമിതി സന്ദർശനം നടത്തും.
ആയുഷ്, ഹോമിയോ, മോഡേൺ മെഡിസിൻ വിഭാഗങ്ങളെയും വിവിധ സർക്കാർ വകുപ്പുകളെയും ഉൾപ്പെടുത്തിക്കൊണ്ട് ‘ഏകാരോഗ്യ’ (One Health) രീതിയിൽ മുന്നോട്ടുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഴ്ചയിൽ മൂന്ന് ദിവസം ‘ഡ്രൈ ഡേ’ ആചരിക്കുന്നുണ്ട്. ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. മന്ത്രിയും ഈ പ്രവർത്തനങ്ങളിൽ പങ്കാളിയായി.
