മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് വീണ്ടും പൊലീസ് നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. ഒക്ടോബർ 15ന് ശേഷം ഹാജരാകാൻ അവസരം നൽകണമെന്ന ആന്റോ അഗസ്റ്റിന്റെ ആവശ്യം പൊലീസ് തള്ളി.
നാളെ ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ രണ്ടാം തവണയാണ് ആന്റോ അഗസ്റ്റിന് നോട്ടീസ് നൽകുന്നത്. നേരത്തെ നൽകിയ നോട്ടീസിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലായതിനാൽ ഹാജരായിരുന്നില്ല. ഇന്നലെ വൈകിട്ടോടെയാണ് വീണ്ടും നോട്ടീസ് നൽകിയത്.
രാജു പി. നായർ നൽകിയ പരാതിയിലാണ് ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. ആന്റോ അഗസ്റ്റിന്റെ ചാനലിലെ റിപ്പോർട്ടറെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കളമശേരി പൊലീസിന് കൈമാറുകയായിരുന്നു. രാജു പി. നായരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കളമശേരി പൊലീസ് തുടർനടപടികളിലേക്ക് കടന്നത്.
പത്തനംതിട്ടയിലെ ഒരു പൊതുപരിപാടിക്കിടെ മുഖ്യമന്ത്രിക്ക് മറ്റൊരു വിവാഹം കൂടി നടന്നുവെന്ന വാർത്ത തനിക്ക് ലഭിച്ചിരുന്നതായി ആന്റോ അഗസ്റ്റിൻ പറഞ്ഞിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട രേഖ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട രേഖകൾ എവിടെ നിന്നാണ് ലഭിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം.
