കോഴിക്കോട് സൗത്ത് എംഎൽഎ അഡ്വ. ഫൈസൽ ബാബുവിന്റെ പേഴ്സണൽ സ്റ്റാഫിൽ മുസ്ലിം ലീഗുമായി ബന്ധമില്ലാത്തയാളെ നിയമിച്ചെന്ന പരാതിയിൽ പാർട്ടിക്കുള്ളിലെ തർക്കം രൂക്ഷമാകുന്നു. ലീഗ് പോഷക സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ ലീഗ് എംഎൽഎമാർ പങ്കെടുക്കാത്തതും വിവാദമായി.
സമ്മേളനത്തിലേക്ക് ക്ഷണിച്ച എംഎൽഎമാർ പങ്കെടുക്കുന്നത് ഫൈസൽ ബാബു ഇടപെട്ട് തടഞ്ഞെന്നാണ് SEU ജില്ലാ നേതൃത്വത്തിന്റെ ആരോപണം. എന്നാൽ വ്യക്തിപരമായ അസൗകര്യങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് എംഎൽഎമാരായ പാറക്കൽ അബ്ദുള്ളയും ഫാത്തിമ തഹ്ലിയയും വിശദീകരിച്ചു.
മുസ്ലിം ലീഗുമായി ബന്ധമില്ലാത്തയാളെ ഫൈസൽ ബാബുവിന്റെ സ്റ്റാഫായി നിയമിച്ചെന്ന ആരോപണത്തെ തുടർന്നാണ് എംഎൽഎയും SEUവും തമ്മിൽ ഭിന്നത തുടങ്ങിയത്. സ്റ്റാഫായി നിയമിക്കപ്പെട്ടയാൾ NGO അസോസിയേഷനുമായി ബന്ധമുള്ളയാളാണെന്ന് ചൂണ്ടിക്കാട്ടി SEU ജില്ലാ കമ്മിറ്റി ലീഗ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് ഫൈസൽ ബാബുവുമായുള്ള സഹകരണം സംഘടന അവസാനിപ്പിച്ചു.
ഇതിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനത്തിലേക്ക് ഫൈസൽ ബാബുവിനെ ഒഴിവാക്കി മറ്റ് ലീഗ് എംഎൽഎമാരെ ക്ഷണിച്ചതെന്നാണ് SEUയുടെ വിശദീകരണം. എന്നാൽ തന്റെ മണ്ഡലത്തിലെ സംഘടനയുടെ സമ്മേളനത്തിൽ മറ്റ് ലീഗ് എംഎൽഎമാർ പങ്കെടുക്കുന്നത് ഫൈസൽ ബാബു വിലക്കിയെന്നാണ് സംഘടനയുടെ ആരോപണം. ലീഗ് എംഎൽഎമാരുടെ അസാന്നിധ്യത്തിൽ കെ.കെ. രമ എംഎൽഎ പരിപാടിയിൽ മുഖ്യാതിഥിയായി.
താൻ ജില്ലയിൽ ഉണ്ടായിരുന്നില്ലെന്നും ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിലിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമാണ് ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖിന്റെ വിശദീകരണം. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് SEU ജില്ലാ നേതൃത്വം മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിനും പരാതി നൽകി.അതേസമയം, വ്യക്തിപരമായി സ്റ്റാഫ് നിയമനം നടത്തിയിട്ടില്ലെന്നും പാർട്ടി ഇടപെടലോടെയാണ് നിയമനം നടന്നതെന്നുമാണ് ഫൈസൽ ബാബു എംഎൽഎയുടെ വിശദീകരണം.
