ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി കൊന്നു. രണ്ടാം പാപ്പാൻ തിരുവനന്തപുരം സ്വദേശി 25 വയസ്സുള്ള ശ്രീക്കുട്ടനാണ് കൊല്ലപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ ഒന്നാം അമലിനും പരിക്കേറ്റു. വാഴ്വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം .
കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ഇതേ ആന ചെറുതായി ഇടഞ്ഞിരുന്നു.ആനയുടെ കൂടെ നടന്നിരുന്ന രണ്ട് പേർ വീഴുകയും ചെയ്തു.ഉടൻ തന്നെ പാപ്പാൻ മാർ ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിൽ തളയ്ക്കുകയായിരുന്നു.എന്നാൽ ഇന്ന് ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർത്തു. ഇതിനിടെ സമീപത്തേക്ക് എത്തിയ പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു.അക്രമണത്തിൽ ഒന്നാം പാപ്പാൻ അമൽ, രണ്ടാം പാപ്പാൻ ശ്രീകുട്ടൻ എന്നിവർക്ക് പരിക്കേറ്റു.ഉടൻ ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നെഞ്ചിൽ ചവിട്ടേറ്റ രണ്ടാം പാപ്പാൻ ശ്രീകുട്ടൻ മരണപെടുകയായിരുന്നു.പരിക്കേറ്റ ഒന്നാം പാപ്പാൻ അമൽ ചികിത്സയിലാണ്. എലിഫന്റ്സ് കോഡ് ഉൾപ്പെടെ എത്തി ആനയെ പിന്നീട് അവിടെ നിന്നും കൊണ്ടുപോയി.
