മുഖ്യമന്ത്രി തർക്കത്തിൽ കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാൻ തെരുവിലിറങ്ങി അനുയായികൾ. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കും വരെ പ്രതിഷേധം ശക്തമായി തുടരാനാണ് തീരുമാനം. എംഎൽഎമാരുടെ പിന്തുണ കുറവായതിനാൽ പൊതുവികാരം അനുകൂലമെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് വി ഡി അനുകൂലികളുടെ തീരുമാനം.
വിവിധ ജില്ലകളിൽ ഇന്നും വി ഡി സതീശന് വേണ്ടി പ്രകടനം നടത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്. കെ സി വേണുഗോപാലിനെതിരെ സൈബറിടത്ത് ‘തോൽപ്പിക്കും’ ക്യാംപെയ്നും ശക്തമാക്കി. മുഖ്യമന്ത്രിയായ ശേഷം ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തോൽപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. കെ മുരളീധരന്റെ വടക്കാഞ്ചേരി തോൽവിയടക്കം ഓർമിപ്പിച്ചാണ് കെ സി വേണുഗോപാലിനെതിരെ പ്രചാരണം നടത്തുന്നത്. കെ സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണക്കുന്നവർക്കും സൈബറിടത്തിൽ കോൺഗ്രസ് പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
