കോഴിക്കോട് പെരുമണ്ണയിൽ ഷിഗെല്ല രോഗം ബാധിച്ച് രണ്ട് കുട്ടികൾ ചികിത്സയിൽ തുടരുന്നു. രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരുമണ്ണ ഗ്രാമപഞ്ചായത്തിലുടനീളം ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലിനമായ ഭക്ഷണം, വെള്ളം എന്നിവയുടെ ഉപയോഗം, കൈകളുടെ ശുചിത്വക്കുറവ് എന്നിവയിലൂടെയാണ് രോഗം പ്രധാനമായും പകരുന്നത്. രോഗലക്ഷണങ്ങളായ വയറിളക്കം, പനി, വയറുവേദന, ഛർദി, രക്തമോ കഫമോ കലർന്ന മലം എന്നിവയുള്ളവർ ഉടൻ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
