എറണാകുളം ജില്ലയിലടക്കം നിരവധി മണ്ഡലങ്ങളിൽ നേരിട്ട തിരിച്ചടിക്ക് പിന്നാലെ ആത്മപരിശോധനയിൽ ട്വന്റി ട്വന്റി. മുന്നണി മാറ്റം അണികളിൽ ആശയകുഴപ്പം സൃഷ്ടിച്ചതാണ് പ്രധാന കാരണമെന്ന് പാർട്ടി വിലയിരുത്തുന്നു.
എൻഡിഎയിൽ ചേർന്ന തീരുമാനം ശരിയാണെന്നും, സംഭവിച്ച പിഴവുകൾ തിരുത്തി ശക്തമായി മുന്നോട്ട് പോകുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.പാർട്ടിയുടെ ശക്തികേന്ദ്രമായ കുന്നത്തുനാടിൽ പോലും കാര്യമായ മുന്നേറ്റം കൈവരിക്കാനായില്ല.പാർട്ടി വോട്ടുകൾ ചോർന്നതിനു പുറമെ പലയിടത്തും ബിജെപി, ബിഡിജെഎസ് വോട്ടുകളും പ്രതീക്ഷിച്ച രീതിയിൽ ലഭിച്ചില്ല. എൻഡിഎയുടെ ഭാഗമായിട്ടും ഏകോപിത പ്രവർത്തനം കുറവായതും തിരിച്ചടിക്ക് കാരണമായി.
എൻഡിഎ സഖ്യത്തിലേയ്ക്ക് എത്താനുണ്ടായ എത്താനുണ്ടായ സാഹചര്യം അണികളെ ബോധ്യപ്പെടുത്താൻ കഴിയാത്തതും തിരിച്ചടിയായി.
ഇതിനിടെ തൃപ്പൂണിത്തുറ പോലുള്ള നിർണായക സീറ്റുകൾ ട്വന്റി ട്വന്റിക്ക് വിട്ടുനൽകിയതിനെതിരെ ബിജെപിക്കുള്ളിൽ അമർഷം നിലനിൽക്കുന്നുണ്ട് . പല മണ്ഡലങ്ങളിലെയും ദുർബലമായ പ്രകടനം ബിജെപി നേതൃത്വത്തിനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം നേതാക്കൾ.
