കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ,ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.തിരുവനന്തപുരം കൊല്ലം തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതുകൊണ്ട്
അതീവ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിച്ചു.
ഡാമുകൾക്ക് അരികിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും നിർദേശിച്ചിട്ടുണ്ട്.മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാൽ മത്സ്യബന്ധന വിലക്കും തുടരുകയാണ്. തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്
