സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.
അഞ്ച് ദിവസം കൂടി വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ അടക്കം പ്രത്യേക ജാഗ്രത പുലർത്തണം. തീരദേശ മേഖലകളിലും ജാഗ്രത നിർദേശമുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലെ ചക്രവാത ചുഴിയാണ് മഴ കനക്കാൻ കാരണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
ആലപ്പുഴ അരൂരിൽ മിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു.അരൂർ കോടം തുരുത്ത് സ്വദേശി രവി ആണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.വീടിനു പുറത്തേക്ക് മുറിയിൽ കുളിക്കുന്നതിനായി പോകുമ്പോഴാണ് രവിക്ക് മിന്നലേറ്റത്. ഉടൻ തന്നെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
