സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് വിതരണം ചെയ്യാതെ പൊടിപിടിച്ച് കിടന്നിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന സ്പോർട്സ് കിറ്റുകൾ ഒടുവിൽ വിവിധ ജില്ലകളിലേക്ക് വിതരണം തുടങ്ങി. കിറ്റുകൾ ഗോഡൗണിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ബിഗ് ടിവി പുറത്തുകൊണ്ടുവന്ന വാർത്തയ്ക്ക് പിന്നാലെയാണ് കായികമന്ത്രി ഒ.ജി. ജനീഷിന്റെ ഇടപെടൽ.
സംസ്ഥാനത്തെ കായികതാരങ്ങൾ ദേശീയ മത്സരങ്ങളിൽ പോലും ആവശ്യമായ ട്രാക്ക് സ്യൂട്ടും മറ്റ് അടിസ്ഥാന കായിക ഉപകരണങ്ങളും ഇല്ലാതെ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് വൻതോതിൽ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരുന്നതായി ബിഗ് ടിവിയുടെ “ചോർത്തുന്ന ഖജനാവ്” പരമ്പര വെളിപ്പെടുത്തിയത്.
തുടർന്ന് കായികമന്ത്രി കിറ്റുകൾ എത്രയും വേഗം വിതരണം ചെയ്യാൻ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഗോഡൗൺ വൃത്തിയാക്കി വിവിധ ജില്ലകളിലെ സ്പോർട്സ് ഹോസ്റ്റലുകളിലേക്ക് കിറ്റുകൾ എത്തിക്കുന്ന നടപടികൾ ആരംഭിച്ചു.
സംസ്ഥാനത്തെ 53 സ്പോർട്സ് ഹോസ്റ്റലുകളിലായി 1,941 കായികതാരങ്ങളാണ് പരിശീലനം നടത്തുന്നത്. ഇവർക്കുള്ള കിറ്റ് വിതരണം മൂന്ന് വർഷമായി മുടങ്ങിയിരുന്നു. 1,224 ട്രാക്ക് സ്യൂട്ടുകൾ, 346 ജോഗിങ് ഷൂകൾ, 553 ടി-ഷർട്ടുകൾ ഉൾപ്പെടെയുള്ള കിറ്റുകളാണ് ഗോഡൗണിൽ ഉപയോഗിക്കാതെ കിടന്നിരുന്നത്.
സംഭവത്തിൽ ധനകാര്യ ഓഡിറ്റ് വിഭാഗം സ്പോർട്സ് കൗൺസിലിനോട് വിശദീകരണം തേടിയിട്ടുണ്ട്. പൊതുപണം ചെലവഴിച്ച് വാങ്ങിയ കിറ്റുകൾ വർഷങ്ങളോളം വിതരണം ചെയ്യാതെ സൂക്ഷിച്ചതിൽ ഗുരുതര വീഴ്ചയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.അതേസമയം, ഗോഡൗണിൽ സൂക്ഷിച്ചിരുന്നത് കേടുപാടുകൾ സംഭവിക്കുന്ന കിറ്റുകൾക്ക് പകരം നൽകാനായി അധികമായി വാങ്ങി മാറ്റിവെച്ച സ്റ്റോക്കാണെന്നാണ് സ്പോർട്സ് കൗൺസിൽ അധികൃതരുടെ വിശദീകരണം.
