എറണാകുളം കത്രിക്കടവിലെ അൽ-റീം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഉണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയെന്ന് ആരോഗ്യവകുപ്പ്. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ 15 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ മൂന്ന് പേർക്കാണ് ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളിലാണ് രോഗാണുബാധ കണ്ടെത്തിയത്.
സംഭവത്തിൽ പൂണിത്തുറ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അൽ-റീം ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തു. പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തിരുന്നു.ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണസാമ്പിളുകളുടെ പരിശോധനാഫലം ലഭിച്ച ശേഷമാകും തുടർനിയമനടപടികൾ സ്വീകരിക്കുകയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഭക്ഷ്യവിഷബാധയുടെ ഉറവിടവും ഉത്തരവാദിത്വവും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
