കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി. പടനായർകുളങ്ങര സൗത്ത് സ്വദേശി ബിലാലിനെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്.കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ വിദ്യാർഥിയാണ് ബിലാൽ. ഇന്നലെ വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം കളിക്കാനായി പുറത്തുപോയിരുന്നു. ആറുമണിക്ക് ശേഷവും വീട്ടിൽ തിരിച്ചെത്താതായതോടെ പിതാവ് നൗഷാദ് അന്വേഷണം ആരംഭിച്ചു.
തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ ജഴ്സിയും സൈക്കിളും കന്നേറ്റി കായലിന് സമീപത്തുനിന്ന് കണ്ടെത്തി. ബിലാൽ സുഹൃത്തിനൊപ്പം സൈക്കിളിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും കായൽക്കരയിലെ സി.സി.ടി.വി ക്യാമറയിൽ നിന്ന് ലഭിച്ചു.കരുനാഗപ്പള്ളി നഗരസഭ റോഡരികിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിലും ബിലാലിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കന്നേറ്റി കായലിൽ ഉൾപ്പെടെ തിരച്ചിൽ ശക്തമാക്കി. എൻ.ഡി.ആർ.എഫിന്റെ സഹായത്തോടെയാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്.
