മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ സീറ്റിന് കോഴ വാങ്ങുന്നുവെന്ന ആരോപണത്തിൽ മന്ത്രി പി.കെ. ബഷീറിനെതിരെ മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രതിഷേധം. കോളേജ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി.കെ. ബഷീർ ഒഴിയണമെന്നാവശ്യപ്പെട്ട് തേഞ്ഞിപ്പലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രമേയം പാസാക്കി. മുസ്ലിം ലീഗ് മൺസൂൺ ക്യാമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്.
കോളേജ് വിദ്യാഭ്യാസ കച്ചവട കേന്ദ്രമായി മാറിയെന്നാണ് പ്രമേയത്തിലെ വിമർശനം. പാവപ്പെട്ടവർ സ്ഥലം വിട്ടുനൽകിയും ലീഗ് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചുമാണ് കോളേജ് സ്ഥാപിച്ചതെന്നും ഇത് വിദ്യാർത്ഥികളെ സഹായിക്കാനാണെന്നും മന്ത്രി മറക്കരുതെന്നും പ്രമേയത്തിൽ പറയുന്നു.
സീറ്റ് കോഴ വിഷയത്തിൽ പ്രതിഷേധം ഉയർത്തിയതിന് പി.കെ. ബഷീറിന്റെ നിർദ്ദേശപ്രകാരം യൂത്ത് ലീഗ് ഭാരവാഹിക്കെതിരെ പ്രതികാര നടപടി ഉണ്ടായെന്നും പ്രമേയത്തിൽ ആരോപണമുണ്ട്. യൂത്ത് ലീഗിനെ ഭയപ്പെടുത്താൻ ശ്രമിക്കരുതെന്നും മന്ത്രിക്ക് മുന്നറിയിപ്പ് നൽകി.പാർട്ടി നേതൃത്വം മാനേജ്മെന്റിന് കടിഞ്ഞാണിടുന്നില്ലെങ്കിൽ സാധാരണക്കാരെ അണിനിരത്തി പരസ്യ പ്രതിഷേധം നടത്തുമെന്നും പ്രമേയത്തിൽ മുന്നറിയിപ്പ് നൽകുന്നു. പ്രമേയം അവതരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ബിഗ് ടിവിക്ക് ലഭിച്ചു.
