തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സർക്കാരിന് മുന്നറിയിപ്പുമായി സമസ്ത. സർക്കാരിന്റെ പ്രതിച്ഛായയെക്കുറിച്ച് യു.ഡി.എഫ് ആത്മപരിശോധന നടത്തണമെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്രയടക്കമുള്ള വിവാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന രാഷ്ട്രീയ സന്ദേശം അവഗണിക്കരുതെന്ന മുന്നറിയിപ്പ്.
‘ആദ്യപരീക്ഷണത്തിലെ രാഷ്ട്രീയ സന്ദേശം’ എന്ന തലക്കെട്ടിലാണ് സുപ്രഭാതത്തിന്റെ മുഖപ്രസംഗം. സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയുണ്ടായ വിവാദങ്ങളെ സ്വാഭാവിക രാഷ്ട്രീയ ബലപരീക്ഷണമായി കാണാം. എന്നാൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാർ ആത്മപരിശോധന നടത്തണമെന്ന സന്ദേശമാണ് നൽകുന്നതെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്ര, മന്ത്രിമാരുടെ വിദേശ യാത്ര, കെ.എം. ഷാജിയുടെ സ്വകാര്യ വാഹനത്തിലെ മന്ത്രി ബോർഡ് തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ വിശദീകരണം നൽകാത്തത് സർക്കാരിന്റെ സുതാര്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇടയാക്കിയെന്നും സുപ്രഭാതം വിമർശിക്കുന്നു.
മാധ്യമങ്ങളോടും വിമർശകരോടും ജനാധിപത്യപരമായ സമീപനം സ്വീകരിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. അധികാരവും സ്വകാര്യ താൽപര്യങ്ങളും തമ്മിലുള്ള അതിർവരമ്പ് കർശനമായി പാലിക്കണമെന്നും ഓർമപ്പെടുത്തുന്നു. സർക്കാരിനെ കൂടുതൽ ശക്തമാക്കാനുള്ള നിർദേശങ്ങളായാണ് ഈ മുന്നറിയിപ്പുകളെ കാണേണ്ടതെന്നും വ്യക്തമാക്കിയാണ് സുപ്രഭാതം മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
