കോഴിക്കോട് മുക്കം സ്റ്റേഷനിലെ എസ്ഐ താമസിച്ചിരുന്ന വീട്ടിൽ മോഷണം. വീട്ടിൽ നിന്ന് 8,500 രൂപ നഷ്‌ടപ്പെട്ടു. സംഭവത്തിൽ ഒരാൾ പിടിയിലായി. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. മുക്കം ബിവറേജസിന് സമീപത്തുള്ള വീട്ടിലാണ് എസ്ഐ താമസിച്ചിരുന്നത്. ബിവറേജസിലേക്ക് എത്തിയ പ്രതികൾ SI യുടെ വീട് ആണെന്ന് അറിയാതെയാണ് മോഷണം നടത്തിയത്. പിൻവാതിൽ കുത്തിത്തുറന്നാണ് യുവാക്കൾ അകത്ത് കയറിയത്. അടുക്കള ഭാഗത്തെയും അകത്തെ രണ്ട് റൂമുകളുടെയും വാതിൽ കുത്തിപ്പൊളിച്ച് മോഷണം തുടങ്ങിയപ്പോഴേക്കും SIക്ക് ഒപ്പം താമസിച്ചിരുന്ന സനീഷ് എന്ന യുവാവ് പ്രതികളെ കണ്ടു. ഉടൻ രണ്ട് പേർ ഇറങ്ങിയോടി രക്ഷപ്പെട്ടെങ്കിലും സംഘത്തിലെ ഒരാൾ പിടിയിലായി. രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
മുക്കം എസ്ഐയുടെ വീട്ടിൽ മോഷണം; രണ്ട് പേർ രക്ഷപ്പെട്ടു, ഒരാൾ പിടിയിൽ
