കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ് ചെയ്യാൻ നിർദേശം. ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർദേശം നൽകി.
ജില്ലാ കളക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.രാജേഷിന്റെ കുടുംബത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
മൃതദേഹം കണ്ണൂരിൽ നിന്ന് ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ ഇല്ലാത്ത ആംബുലൻസിലായിരുന്നു. ചാവക്കാട് വെച്ച് മൃതദേഹം ഫ്രീസർ സൗകര്യമുള്ള ആംബുലൻസിലേക്ക് മാറ്റുകുയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും പോസ്‌റ്‌മോർട്ടം നടത്തി ചൊവ്വാഴ്ച രാത്രി 8.30നാണ് മൃതദേഹം വിട്ട് നൽകിയത്.
