കേരള ലോട്ടറിക്ക് സമാന്തരമായി വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഓൺലൈനിൽ ലോട്ടറി കച്ചവടം നടത്തി പണം തട്ടുന്ന സംഘം അറസ്റ്റിൽ.ഗ്രൂപ്പ് നടത്തിപ്പുകാരായ തൃശ്ശൂർ മുകുന്ദപുരം സ്വദേശി ബിനോയി സഹോദരൻ ബിജോയ്,ആലപ്പുഴ ചെറിയനാട് സ്വദേശികളായ ഷാജി ഗോപാലകൃഷ്ണൻ മനോജ് വർഗീസ് എന്നിവരാണ് പിടിയിലായത്.വാട്സാപ്പിൽ നിരവധി ഗ്രൂപ്പുകൾ ഉണ്ടാക്കി ആയിരുന്നു ഇവരുടെ കച്ചവടം നടന്നിരുന്നത്.ഗ്രൂപ്പിലൂടെ നാലക്ക നമ്പർ അംഗങ്ങൾ അഡ്മിനെ അറിയിക്കുന്നത് അനുസരിച്ച് ഓരോ നമ്പരിലും ക്യു ആർ കോഡ് വഴി 35 രൂപ വീതമാണ് ഈടാക്കിയിരുന്നത്.
സർക്കാർ ലോട്ടറിയുടെ ഫലം വരുമ്പോൾ സമ്മാനത്തുകള്‍ ഗൂഗിൾ പേ വഴി നൽകിയിരുന്നു. നിയമവിരുദ്ധമായാണ് ഇവർ ഇത്തരം പ്രവർത്തികൾ നടത്തിയിരുന്നതെന്ന് വെണ്മണി സിഐ പറഞ്ഞു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.തൃശ്ശൂർ, അങ്കമാലി പെരുമ്പാവൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും വിദേശരാജ്യങ്ങളിൽ നിന്നുമാണ് ഗ്രൂപ്പുകളെ നിയന്ത്രിച്ചിരുന്നത്.കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും നിലവിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
