തൃശൂർ മദർ ആശുപത്രിയിലെ നഴ്സിംഗ് അധ്യാപകർ പണിമുടക്കിൽ. യുഎൻഎയുമായി തയ്യാറാക്കിയ വേതന വർധന നടപ്പാക്കാത്തതിലാണ് പ്രതിഷേധം. ശമ്പളം വർധിപ്പിച്ചില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ സമ്പൂർണ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
ശമ്പള വർധന ആവശ്യപ്പെട്ട് തൃശൂർ ജൂബിലി മിഷൻ, അമല ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കുന്നതിനിടെയാണ് മദർ ആശുപത്രിയിലെ നഴ്സിങ് അധ്യാപകരും സമരരംഗത്തേക്ക് എത്തുന്നത്. മാർച്ചിൽ യുഎൻഎയുമായി നടത്തിയ ചർച്ചയിൽ ക്ലിനിക്കൽ നഴ്സുമാരുടെ ശമ്പളത്തിന് ആനുപാതികമായി അധ്യാപകരുടെ ശമ്പളവും വർധിപ്പിക്കാം എന്നായിരുന്നു ധാരണ. മാസങ്ങൾ പിന്നിട്ടിട്ടും കരാർ പാലിക്കപ്പെട്ടിട്ടില്ല. സമരത്തെ തുടർന്ന് ശമ്പളം മുടങ്ങിയ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്സുമാർക്ക് സാമ്പത്തിക സഹായം നൽകാനും യുഎൻഎ തീരുമാനിച്ചിട്ടുണ്ട്.
