പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ വീണ്ടും അവിശ്വാസ പ്രമേയം. കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ഈ മാസം 20ന് പ്രമേയം ചർച്ചയ്ക്ക് വരും.കോൺഗ്രസിനും ബിജെപിക്കും ആറ് വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ സിപിഎമ്മിന്റെ രണ്ട് അംഗങ്ങളുടെ നിലപാടാണ് നിർണായകം. ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണയ്ക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
നേരത്തെ ബിജെപി പ്രസിഡന്റിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചിരുന്നു. ഇതോടെയാണ് ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായത്.തുടർന്ന് നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്. അന്നത്തെ നറുക്കെടുപ്പിൽ നിന്ന് സിപിഎം വിട്ടുനിന്നിരുന്നു.
