ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന നോഡൽ ഓഫീസർമാരെ മാറ്റി. ക്വാളിറ്റി അഷ്വറൻസ് നോഡൽ ഓഫീസറായിരുന്ന ഡോ. ലക്ഷ്മിയെയും കുട്ടികളുടെ വിഭാഗം നോഡൽ ഓഫീസറായിരുന്ന ഡോ. രാഹുൽ യു.ആറിനെയും സ്ഥലംമാറ്റി. ക്വാളിറ്റി അഷ്വറൻസ് നോഡൽ ഓഫീസറായി ഡോ. പ്രേം ജസ്റ്റസിനെ നിയമിച്ചെങ്കിലും കുട്ടികളുടെ വിഭാഗത്തിലേക്ക് പുതിയ നോഡൽ ഓഫീസറെ ഇതുവരെ നിയമിച്ചിട്ടില്ല.പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ വിവിധ വകുപ്പുകളിൽ നടക്കുന്ന ഭരണപരമായ പുനഃസംഘടനയുടെ ഭാഗമായാണ് ആരോഗ്യവകുപ്പിലും മാറ്റങ്ങൾ നടപ്പാക്കുന്നത്.
ഡോ. രാഹുൽ യു.ആറിനെ മാതൃസ്ഥാപനമായ തിരുവനന്തപുരം തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്കും, ഡോ. ലക്ഷ്മിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി സൂപ്രണ്ടായി തുടരാനുമാണ് നിർദേശം.അതേസമയം, ഹൃദ്യം പദ്ധതിയും കുട്ടികളിലെ അപൂർവ രോഗങ്ങളുടെ ചികിത്സാ ഏകോപനവും എൻഎച്ച്എമ്മിലെ കുട്ടികളുടെ വിഭാഗം നോഡൽ ഓഫീസറുടെ ചുമതലയാണ്. പുതിയ നിയമനം നടത്താതെ നിലവിലെ ഉദ്യോഗസ്ഥനെ മാറ്റിയത് പദ്ധതികളുടെ പ്രവർത്തനത്തെ ബാധിക്കുമോയെന്ന ആശങ്ക ആരോഗ്യ രംഗത്ത് ഉയരുന്നുണ്ട്.
