പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി എംഎസ്എഫ്.പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ മന്ത്രിമാർ തന്നിഷ്ടം കാണിക്കുന്നെന്ന് എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രമേയം.മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രഥമ ഭാരവാഹി യോഗത്തിലാണ് ലീഗ് മന്ത്രിമാർക്കെതിരെ വിമർശനങ്ങളടങ്ങിയ പ്രമേയം പാസാക്കിയത്.
എംഎസ്എഫ് ഉം യൂത്ത് ലീഗും ലീഗ് അധ്യാപക സംഘടനകളും പാർട്ടി നിയോഗിച്ച സമിതിയും നൽകിയ പേരുകളെല്ലാം അവഗണിച്ച് മന്ത്രിമാർ തന്നിഷ്ട്ടപ്രകാരം നിയമനങ്ങൾ നടത്തിയെന്നാണ് പ്രമേയത്തിലെ വിമർശനം.കഴിഞ്ഞ 10 വർഷം പാർട്ടിക്കുവേണ്ടി സമരം ചെയ്തവരേയും കേസിൽ അകപ്പെട്ടവരെയും ജയിലിൽ കിടന്നവരെയും മന്ത്രിമാർ പരിഗണിച്ചില്ല, പ്രവർത്തകരെയും അണികളെയും മന്ത്രിമാർ വഞ്ചിച്ചുവെന്നും ചരിത്രത്തിലില്ലാത്ത ക്രൂരതയാണ് നടന്നതെന്നും എംഎസ്എഫ് പ്രമേയം കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ 10 വർഷം സമര രംഗത്തോ പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന കൂട്ടത്തിലോ കാണാത്തവരാണ് നിയമനങ്ങൾ നേടുന്നത്, മുൻകാലങ്ങളിൽ സ്റ്റാഫ് നിയമനം ലഭിച്ച് നിഷ്ക്രിയരായ ആളുകൾക്ക് വീണ്ടും മന്ത്രിമാർ തന്നിഷ്ടപ്രകാരം നിയമനം നൽകി, പാർട്ടി കൂറും രാഷ്ട്രീയ ബോധമില്ലാത്തവരെയുമാണ് സ്റ്റാഫിൽ തിരുകി കയറ്റിയത്.എംഎസ്എഫ് പ്രതിനിധികൾ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാപിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. പാർട്ടിയുടെ അച്ചടക്കത്തെ വെല്ലുവിളിച്ച് മന്ത്രിമാർ നടത്തിയ നിയമനത്തിൽ മുസ്ലീം ലീഗ് ഇടപെടണമെന്നും പ്രമേയത്തിൽ പറയുന്നു.
