ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മലപ്പുറത്ത് വീണ്ടും എംഡിഎംഎ പിടികൂടി. വഴിക്കടവ് ആനമറി ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 100 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു.എളംകൂർ മണ്ണാത്തി സ്വദേശി സൈഫുദ്ദീൻ, ചുങ്കത്തറ കൈപ്പിനി സ്വദേശി റിയാസ് അലി എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 11.30ഓടെയാണ് കാർ സഹിതം പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികളെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ ഏകദേശം 3.5 ലക്ഷം രൂപ വിലവരുമെന്നും പോലീസ് അറിയിച്ചു.പ്രതികൾക്ക് ലഹരിമരുന്ന് ലഭിച്ച ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. ഇന്നലെ തിരൂരിലും 43 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
