തുടർച്ചയായ റാഗിംഗ് പരാതികൾക്ക് പിന്നാലെ കോഴിക്കോട് കൂടത്തായി സെന്റ് മേരീസ് സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഓണാഘോഷത്തിനിടെ റാഗിംഗിനിരയായി ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ കഴിഞ്ഞ ദിവസം ടി.സി വാങ്ങി. പരാതികളിൽ മാനേജ്മെന്റ് ഗൗരവമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രണ്ട് വിദ്യാർത്ഥികൾ കൂടി നാളെ സ്കൂൾ വിടാനൊരുങ്ങുകയാണ്.
20 ദിവസത്തിനിടെ രണ്ട് ഗുരുതര റാഗിംഗ് പരാതികളാണ് സ്കൂളിൽ ഉയർന്നത്. ആഘോഷ പരിപാടിയിലെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ശുചിമുറിയിൽ കൊണ്ടുപോയി മർദിച്ചെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ രണ്ട് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസവും ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ അതിക്രമം ഉണ്ടായെന്നാണ് പരാതി. ഇതോടെ ആശങ്കയിലായ രക്ഷിതാക്കൾ കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. രണ്ടാമത്തെ റാഗിംഗ് പരാതിയിൽ മർദനത്തിനിരയായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിവരം അറിയിക്കാതെ സംഭവം ഒതുക്കിത്തീർക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
റാഗിംഗ് പരാതികളുടെ പശ്ചാത്തലത്തിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. സ്കൂളിന്റെ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാൻ സ്ഥാപനത്തിനുള്ളിൽ നടന്ന സംഭവങ്ങൾ മാനേജ്മെന്റും പി.ടി.എയും ചേർന്ന് മറച്ചുവെക്കാൻ ശ്രമിച്ചെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും രക്ഷിതാക്കൾ പരാതി നൽകി.
ആരോപണവിധേയരായ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തെന്നും പരാതി പൊലീസിന് കൈമാറിയെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
എന്നാൽ റാഗിംഗ് ആവർത്തിക്കാതിരിക്കാനുള്ള ഫലപ്രദമായ ഇടപെടലുകൾ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം. തുടർച്ചയായ പരാതികളിൽ ആശങ്കയിലായ കുടുംബങ്ങൾ കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റുന്നതോടെ സെന്റ് മേരീസ് സ്കൂളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്.
