കൊച്ചിയിൽ രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടർന്ന് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി.പുലർച്ചെ വരെ നീണ്ടുനിന്ന മഴയിൽ പലയിടത്തും വീടുകളിൽ വെള്ളം കയറി.തൃപ്പൂണിത്തുറ അയിനി ഭാഗത്ത് വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.കടകളിൽ വെള്ളം കയറിയതോടെ സാധനങ്ങൾക്ക് നാശനഷ്ടമുണ്ടായതായും വ്യാപാരികൾ പറയുന്നു.തൃപ്പൂണിത്തുറ ഭാഗത്തെ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
തൃപ്പൂണിത്തുറ മേഖലയിലെ പ്രധാന റോഡുകളിൽ ഗതാഗതം മന്ദഗതിയിലായി. സമീപത്തെ കാനകളും തോടുകളും സമയബന്ധിതമായി വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
വേനൽമഴയിൽ തന്നെ വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നതായി പ്രദേശവാസികൾ പറയുന്നു. മഴക്കാലം ശക്തമാകുന്നതിന് മുമ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കൊച്ചിയിൽ കനത്ത മഴ,തൃപ്പൂണിത്തുറയിൽ വെള്ളക്കെട്ട് രൂക്ഷം
