കേരള സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തേക്ക് കുസാറ്റ് വിസി പ്രൊഫ. ജുനൈദ് ബുഷ്റിയെ പരിഗണിക്കുന്നതായി സൂചന. നിലവിലെ വിസി ഡോ. മോഹനൻ കുന്നുമ്മൽ നവംബറിൽ വിരമിക്കുന്ന സാഹചര്യത്തിലാണ് താത്കാലിക വിസിയായി ജുനൈദ് ബുഷ്റിയെ നിയമിക്കാൻ സർക്കാർ തലത്തിൽ നീക്കം നടക്കുന്നതെന്നാണ് വിവരം.
ഫിസിക്സ് വിദഗ്ധനായ ജുനൈദ് ബുഷ്റിക്കായി നേരത്തെ തന്നെ സർക്കാർ തലത്തിൽ നീക്കങ്ങൾ നടന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. സ്ഥിരം വിസി നിയമനം വൈകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് താത്കാലിക ചുമതല നൽകുന്നത് പരിഗണിക്കുന്നത്.അതേസമയം, കേരള സർവകലാശാല പ്രോ-വൈസ് ചാൻസലർ സ്ഥാനത്തേക്ക് ബിജെപി അനുകൂല അധ്യാപക സംഘടനയിലെ പ്രമുഖനെ നിയമിക്കാനും നീക്കമുണ്ടെന്നാണ് സൂചന.ഇരു നിയമനങ്ങളും ബിജെപി – കോൺഗ്രസ് വീതം വയ്പ്പ് ആണെന്നാണ് എൽഡിഎഫ് അംഗങ്ങളുടെ ആരോപണം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
കേരള സർവകലാശാലയിലെ വിവിധ പ്രധാന തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. രജിസ്ട്രാർ നിയമനമാണ് നിലവിൽ പ്രധാന പ്രതിസന്ധി.രജിസ്ട്രാർ പദവി സംബന്ധിച്ച് കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ മാസങ്ങളായി തർക്കം തുടരുന്നതായാണ് വിവരം. പദവി തങ്ങൾക്ക് ലഭിക്കണമെന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുന്നതായും സൂചനയുണ്ട്.
അതേസമയം, പരീക്ഷാ കൺട്രോളർ സ്ഥാനത്തേക്ക് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാവിനെ പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.വൈസ് ചാൻസലർ, പ്രോ-വൈസ് ചാൻസലർ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ തുടങ്ങിയ നിർണായക തസ്തികകളിലെ നിയമനങ്ങളാണ് ഇനി സർവകലാശാലയിൽ ശ്രദ്ധാകേന്ദ്രമാകുന്നത്.
