പോലീസ് അസോസിയേഷനുകളെ പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിച്ച സർക്കാർ നടപടി റദ്ദാക്കി ഹൈക്കോടതി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ നൽകിയ ഹർജികളിലാണ് കോടതി നടപടി.
സംഘടനകൾക്ക് അംഗീകാരം നൽകാനും റദ്ദാക്കാനുമുള്ള അധികാരം സംസ്ഥാന പോലീസ് മേധാവിക്കാണെന്ന് കോടതി വ്യക്തമാക്കി. സംഘടനകളുടെ അഭിപ്രായം കേൾക്കാതെയും സ്വാഭാവിക നീതിയുടെ നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് സർക്കാർ ഉത്തരവിറക്കിയതെന്നും കോടതി നിരീക്ഷിച്ചു.
സംഘടന രൂപീകരിക്കാനുള്ള അവകാശത്തിന് പുറമെ നിലവിലുള്ള സംഘടനയിൽ തുടരാനുള്ള അവകാശവും ഭരണഘടന ഉറപ്പുനൽകുന്ന സംഘടനാ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി. അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിച്ചത് സംഘടനകളുടെ സ്വയംഭരണത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതി വിലയിരുത്തി.
