സംസ്ഥാനത്ത് ഇന്നും 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപനില മുന്നറിയിപ്പ്. സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. നാളെ മുതൽ മൂന്ന് ദിവസം മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത ചൂട് ഇപ്പോഴും തുടരുകയാണ്. പാലക്കാട് ജില്ലയിൽ ഇന്നും 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത. കൊല്ലം 39 ഡിഗ്രി വരെ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി വരെ ഉയരും.ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.പലയിടത്തും കുടിവെള്ള പ്രതിസന്ധിയും സൂര്യാതാപ അപകടങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ചില പ്രദേശങ്ങളിൽ വേനൽമഴ ലഭിക്കുന്നത് ആശ്വാസമാകുന്നു.
നാളെയും മറ്റന്നാളും മേയ് 1 വരെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴം കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
