പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി എൽഡിഎഫിൽ തർക്കം രൂക്ഷം. പദവി നൽകാനാവില്ലെന്ന് സിപിഐഎം അറിയിച്ചെങ്കിലും ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സിപിഐയുടെ നിലപാട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അർഹതപ്പെട്ടതാണെന്നും അത് ഉറപ്പായി കിട്ടുമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് രണ്ടാഴ്ചയായി. അമ്പേ പരാജയമായിട്ടും എൽഡിഎഫിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി തർക്കം മുറുകുകയാണ്. തങ്ങൾക്ക് കിട്ടണമെന്ന് സിപിഐയും അങ്ങനെ ഒരു പദവിയേ ഇല്ലെന്ന് സിപിഐഎമ്മും. നേരത്തേയൊക്കെ മയത്തിൽ സംസാരിച്ചിരുന്ന ബിനോയ് വിശ്വം അൽപം രോക്ഷത്തോടെയാണ് പ്രതികരിച്ചത്. ന്യായമായ ആവശ്യമായത് കൊണ്ടാണ് ചോദിച്ചത്. ചർച്ച തുടരുകയാണ്. പാർട്ടിക്ക് പദവി ഉറപ്പായും കിട്ടണം. പദവി അംഗീകരിക്കപ്പെട്ടാൽ ആര് ആ സ്ഥാനത്തേക്ക് വരുമെന്ന കാര്യത്തിൽ വരെ ധാരണയായിട്ടുണ്ട് എന്നും ബിനോയ് വിശ്വം.
മുന്നണിയിൽ പറഞ്ഞിട്ടും കാര്യമില്ലാതായതോടെയാണ് ബിനോയ് വിശ്വം രോക്ഷം പരസ്യമായി പ്രകടിപ്പിച്ചത്. എംഎൽഎമാരുടെ സത്യപ്രതിജ്ഞക്ക് മുമ്പ് കാര്യങ്ങൾ അംഗീകരിക്കപ്പെടുമെന്ന വിശ്വാസമുണ്ട് പാർട്ടിക്ക്. തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതിസന്ധിയിൽ നിൽക്കുന്ന മുന്നണിക്ക് ഇത്തരം ചർച്ചകളും തർക്കങ്ങളും കടുത്ത വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. അനുനയ നീക്കങ്ങളും സജീവമാണ്.
