സിപിഐഎമ്മിന്റെ വിശാല ജില്ലാ സമിതികൾ തുടരുന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് വിശാല ജില്ലാ സമിതി യോഗങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരത്തും തൃശൂരിലും പാർട്ടിക്ക് സംഘടനാ ദൗർബല്യമുണ്ടെന്നാണ് പ്രവർത്തന റിപ്പോർട്ടിലെ വിമർശനം.
തലസ്ഥാന ജില്ലയായിട്ടും കഴിഞ്ഞ പത്ത് വർഷത്തിനിടെ തിരുവനന്തപുരത്ത് പാർട്ടിക്ക് കാര്യമായ വളർച്ചയുണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് വിമർശനം. ജില്ലാ അംഗങ്ങളിൽ 30 ശതമാനത്തോളം പേർ സജീവമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സജീവമല്ലാത്തവരെ മാറ്റി പുതിയ നേതൃത്വത്തെ കൊണ്ടുവരണമെന്നും നിർദേശമുണ്ട്. വർഗ-ബഹുജന സംഘടനകൾ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ലെന്നും റിപ്പോർട്ടിൽ വിമർശനം.
തിരുവനന്തപുരത്ത് ജില്ലാ കമ്മിറ്റിയിൽ പുനഃസംഘടനയുണ്ടാകുമെന്നാണ് സൂചന. ജില്ലാ സെക്രട്ടറി സ്ഥാനത്ത് വി. ജോയ് തുടരാനാണ് സാധ്യത. സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും മാറ്റമുണ്ടായേക്കും. പാർട്ടി സമ്മേളനത്തിലാണ് വി. ജോയിയെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതെന്നതിനാൽ സ്ഥാനത്ത് തുടരാൻ ഇളവ് ലഭിച്ചേക്കും. തിരുവനന്തപുരത്തെ വിശാല ജില്ലാ സമിതി യോഗം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
തൃശൂരിൽ ന്യൂനപക്ഷങ്ങൾ പാർട്ടിയിൽ നിന്ന് അകലുന്നുവെന്നാണ് പ്രവർത്തന റിപ്പോർട്ടിലെ പ്രധാന വിമർശനം. സിപിഐക്കെതിരെയും റിപ്പോർട്ടിൽ രൂക്ഷ വിമർശനമുണ്ട്. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയും ചൂണ്ടിക്കാട്ടുന്നു. ചാലക്കുടി സീറ്റ് കേരള കോൺഗ്രസിന് കൈമാറിയതിൽ പുനഃപരിശോധന വേണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. തിരിച്ചടിക്കിടയിലും തൃശൂരിൽ പാർട്ടിക്ക് പിടിച്ചുനിൽക്കാനായത് സംഘടനാ രംഗത്തെ ഇടപെടലുകൾ കൊണ്ടാണെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദൻ തൃശൂർ വിശാല ജില്ലാ സമിതി ഉദ്ഘാടനം ചെയ്തു. എറണാകുളത്തും ഇന്ന് വിശാല ജില്ലാ സമിതി യോഗത്തിന് തുടക്കമായി.
