ശബരിമലയിലെ കടമുറി ടെൻഡർ വിവരങ്ങൾ ചോർത്തിയതിന് ദേവസ്വം ബോർഡ് ആസ്ഥാനത്തെ മൂന്ന് ഉദ്യോഗസ്ഥർ വിജിലൻസിൻ്റെ നിരീക്ഷണത്തിൽ. സംശയമുള്ള ഉദ്യോഗസ്ഥരുടെ ഫോൺവിളി രേഖകൾ ഉൾപ്പെടെ ദേവസ്വം വിജിലൻസ് പരിശോധിക്കും.
കരാറുകാരുടെ വിവരങ്ങളും ടെൻഡറിൽ രേഖപ്പെടുത്തിയ തുകയും ഫോൺ സന്ദേശമായി പതിവായി കടമുറി ലേലം കൊള്ളുന്ന പലരുടെയും ഫോണിലേക്ക് എത്തിയിട്ടുണ്ട്. ടെൻഡർ വിളിച്ചാലും പരസ്പരം പറഞ്ഞ് ഉറപ്പിച്ച് ചെറിയ തുകയിലും, മുൻ വർഷങ്ങളിൽ കട നടത്തിയിരുന്ന ഇടങ്ങളും ഉൾപ്പെടുന്ന സ്ഥലം ലേലത്തിൽ പിടിക്കുന്ന പതിവ് തുടരാനായിരുന്നു ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും നീക്കം. തട്ടിപ്പ് മറികടക്കാൻ ഏർപ്പെടുത്തിയ ടെൻഡർ പരിഷ്കരണത്തിലെ പ്രതിസന്ധി മറികടക്കാനാണ് വിവരം ചോർത്തിയത്. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിജിലൻസ് എസ്.പിക്ക് ദേവസ്വം ബോർഡ് ഭരണസമിതി നൽകിയിരിക്കുന്ന നിർദേശം.
ശബരിമല കടമുറി ടെൻഡർ വിവരങ്ങൾ ചോർന്നതായി പരാതി; മൂന്ന് ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിൽ
