മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച് കഥാകൃത്ത് ടി പദ്മനാഭൻ. പാവപ്പെട്ടവരോട് കരുണയുള്ള നേതാവാണ് കെ സി വേണുഗോപാലെന്നും പാർലമെന്റിലും നിയമസഭയിലും കഴിവ് തെളിയിച്ച വ്യക്തിയാണെന്നും ടി പത്മനാഭൻ പറഞ്ഞു. “കെ സി വരട്ടെ, നാട് വളരട്ടെ” എന്നും അദ്ദേഹം പ്രതികരിച്ചു.കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനചർച്ചയിൽ മുൻപന്തിയിലുള്ള കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നിവരിൽ കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും തനിക്കൊപ്പം വ്യക്തിപരമായ ബന്ധമുണ്ടെന്നും വി ഡി സതീശനുമായി അത്ര അടുപ്പമില്ലെന്നും ടി പത്മനാഭൻ പറഞ്ഞു.
മൂന്നുപേർക്കും മുഖ്യമന്ത്രി ആകാൻ അർഹതയുണ്ടെങ്കിലും ഒന്നാം സ്ഥാനം കെ സി വേണുഗോപാലിനാണെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് കെ സി വേണുഗോപാലെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും ടി പത്മനാഭൻ കൂട്ടിച്ചേർത്തു.എൽഡിഎഫിന്റെ പരാജയം സ്വയം ക്ഷണിച്ചുവരുത്തിയ തോൽവിയാണെന്നും ബിജെപിയുടെ വിജയം ആപത് സൂചനയാണെന്നും അദ്ദേഹം വിമർശിച്ചു
