കോട്ടയം അതിരമ്പുഴയിൽ മദ്യലഹരിയിൽ നടുറോഡിൽ കാർ നിർത്തിയിട്ട് ഉറങ്ങിയ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. കറുകച്ചാൽ സ്വദേശി ജോബിനെതിരെയാണ് ഏറ്റുമാനൂർ പൊലീസ് നടപടി. അതിരമ്പുഴ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച ജോബിനെ നാട്ടുകാർ കാർ കുലുക്കിയാണ് ഉണർത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കാർ ഓടിച്ചെത്തിയ ജോബിൻ തിരക്കേറിയ റോഡിൽ വാഹനം നിർത്തിയ ശേഷം ഉറങ്ങുകയായിരുന്നു. വാഹനം എന്തെങ്കിലും ആവശ്യത്തിനായി നിർത്തിയതാകാമെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. എന്നാൽ അരമണിക്കൂറിലേറെ കഴിഞ്ഞിട്ടും കാർ മാറ്റാതായതോടെ നാട്ടുകാർ പരിശോധിച്ചു. അപ്പോഴാണ് വാഹനത്തിനുള്ളിൽ ജോബിൻ ഉറങ്ങുന്നത് കണ്ടത്.
വിളിച്ചുണർത്താൻ പലതവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് നാട്ടുകാർ എല്ലാവരും ചേർന്ന് ഇരുവശത്തുനിന്നും കാർ കുലുക്കിയതോടെയാണ് ജോബിൻ ഉണർന്നത്. പിന്നാലെ ഇയാൾ വാഹനവുമായി സ്ഥലത്തുനിന്ന് പോയി.പൊലീസ് എത്തുമ്പോഴേക്കും ജോബിൻ കാറുമായി പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞതും മദ്യലഹരിയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചതും. മോട്ടോർ വാഹന നിയമപ്രകാരവും ബിഎൻഎസ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.
