കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് നടന്ന കരിങ്കൊടി പ്രതിഷേധത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്. പ്രതിഷേധക്കാർ അമിത് ഷായുടെ അടുത്തെത്തിയില്ലെന്നും വാഹനവ്യൂഹത്തിന്റെ യാത്ര തടസ്സപ്പെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങിയ ശേഷം കുണ്ടറയിലേക്ക് കാറിൽ പോകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധമുണ്ടായത്. അമിത് ഷായുടെ വാഹനം എത്തുന്നതിന് മുൻപ് പ്രതിഷേധക്കാരെ പൊലീസ് മാറ്റിയിരുന്നു.
ഡിഐജി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലാത്തതിനാൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പറയാനാകില്ലെന്നാണ് പൊലീസ് നിലപാട്.പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. അതിനാൽ ബിജെപി നൽകിയ പരാതിയിൽ പുതിയ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.അതേസമയം, സംഭവത്തിന് പിന്നാലെ യുവമോർച്ച ആരംഭിച്ച സംസ്ഥാന വ്യാപക കരിങ്കൊടി പ്രതിഷേധം തുടരുകയാണ്.
