മെസിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പിന് പിന്നാലെ മദ്യശേഖരവും വിദേശ കറൻസിയും കണ്ടെത്തിയതോടെ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെതിരായ അന്വേഷണം ശക്തമാകുന്നു. പൊലീസിനും എക്സൈസിനും പിന്നാലെ കള്ളപ്പണ ഇടപാടിൽ കേസെടുക്കാൻ ഇഡിയും നടപടികൾ തുടങ്ങി.
എസ്ഐടി നടത്തിയ റെയ്ഡിലാണ് ആന്റോ അഗസ്റ്റിന്റെ വീട്ടിൽനിന്ന് വൻ മദ്യശേഖരം കണ്ടെത്തിയത്. 43 കുപ്പി വിദേശനിർമിത മദ്യവും വൈനുമടക്കം 137 കുപ്പി മദ്യമാണ് എക്സൈസ് പിടികൂടിയത്. തുടർന്ന് അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.
മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ നേരത്തെ തന്നെ ഇഡി ഫെമ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പൊലീസ് വഞ്ചനാക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ കള്ളപ്പണ ഇടപാടിൽ പിഎംഎൽഎ പ്രകാരം നടപടിയെടുക്കാൻ ഇഡിക്ക് വഴിയൊരുങ്ങി.
ആന്റോ അഗസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് ഇഡി, എസ്എഫ്ഐഒ ഉൾപ്പെടെ ഏഴ് കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകിയിട്ടുണ്ട്. കോടികളുടെ കള്ളപ്പണ ഇടപാടുകൾ നടത്തിയെന്ന ആരോപണവും പരാതിയിലുണ്ട്.
റെയ്ഡിൽ 6300 ഡോളറും വിദേശ ബാങ്കുകളുടെ എടിഎം കാർഡുകളും കണ്ടെത്തിയിരുന്നു. പൊലീസ് കൈമാറുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിദേശ കറൻസിയിലും ഇഡി അന്വേഷണം നടത്തും.ഇതിനുപുറമെ മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ചെന്ന പരാതിയിലും ആന്റോ അഗസ്റ്റിനെതിരെ കളമശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. അപവാദ പ്രചാരണം, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
