മദ്യനിരോധിത മേഖലയായ അട്ടപ്പാടിയിൽ അനധികൃതമായി മിനി ബാർ നടത്തിയിരുന്ന യുവതി എക്സൈസിന്റെ പിടിയിലായി. പാടവയൽ ആദിവാസി ഉന്നതിയിലെ 37-കാരിയായ വസന്തയെയാണ് അഗളി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി.
ഡ്രൈ ലാൻഡായി പ്രഖ്യാപിച്ച അട്ടപ്പാടിയിൽ വീട്ടിൽ നിന്നാണ് മദ്യവിൽപ്പന നടത്തിയിരുന്നതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. മഫ്തിയിൽ എത്തിയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ചെറിയ കുപ്പികളിലാക്കി വിൽപ്പന നടത്തുന്നതായി കണ്ടെത്തി. തുടർന്ന് വസന്തയെ കൈയോടെ പിടികൂടുകയായിരുന്നു.
അബ്കാരി നിയമപ്രകാരം കേസെടുത്ത് യുവതിയെ അറസ്റ്റ് ചെയ്തതായി എക്സൈസ് അറിയിച്ചു. എത്രകാലമായി മദ്യവിൽപ്പന നടത്തി വരികയായിരുന്നു, ഡ്രൈ ലാൻഡായ അട്ടപ്പാടിയിലേക്ക് മദ്യം എങ്ങനെ എത്തിച്ചു, പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്
