യുജിസി നെറ്റ് ജൂൺ 2026 പരീക്ഷയിൽ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിൽ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് വീണ്ടും പരീക്ഷ. ചോദ്യപേപ്പറുകളിലെ ഗുരുതര പിഴവുകളും ക്രമക്കേടുകളും സംബന്ധിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്. വിദഗ്ധ സമിതിയുടെ പരിശോധനയിൽ വസ്തുതാപരമായ പിഴവുകൾ, ടൈപ്പിംഗ്, ഭാഷാ-വിവർത്തന പിശകുകൾ, മുൻ പരീക്ഷകളിലെ ചോദ്യങ്ങളുടെ ആവർത്തനം എന്നിവ കണ്ടെത്തിയിരുന്നു.
പുതിയ പരീക്ഷ സെപ്റ്റംബർ 9, 10 തീയതികളിലായാണ് നടക്കുക. ഇംഗ്ലീഷ് പരീക്ഷ സെപ്റ്റംബർ 9ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും കൊമേഴ്സ് പരീക്ഷ അന്നേദിവസം വൈകിട്ട് 3 മുതൽ 6 വരെയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ്.
ഈ മൂന്ന് വിഷയങ്ങളിൽ നേരത്തെ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് പുനഃപരീക്ഷയ്ക്ക് അധിക പരീക്ഷാഫീസ് നൽകേണ്ടതില്ല. പരീക്ഷാ നഗരത്തിന്റെ വിവരങ്ങൾ, പരീക്ഷാ കേന്ദ്രം, അഡ്മിറ്റ് കാർഡ് എന്നിവ സംബന്ധിച്ച അറിയിപ്പ് എൻടിഎ പ്രത്യേകം നൽകും.അതേസമയം, മറ്റ് 84 വിഷയങ്ങളുടെ ഫലപ്രഖ്യാപന നടപടികളെ പുനഃപരീക്ഷ ബാധിക്കില്ലെന്ന് എൻടിഎ വ്യക്തമാക്കി.
