തമിഴ്നാട്ടിലെ ടി.വി.കെ സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിക്ക് തുടക്കമായി. ജൂൺ 22 മുതൽ ജനിച്ച നവജാത ശിശുക്കൾക്ക് സ്വർണ മോതിരവും ബേബി കിറ്റും നൽകുന്നതാണ് പദ്ധതി. സംസ്ഥാനത്തെ 1.28 ലക്ഷം കുട്ടികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
നവജാത ശിശുക്കൾക്ക് സർക്കാർ വക സ്വർണ മോതിരം നൽകുമെന്നത് ടി.വി.കെയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. സഹോദരിക്ക് കുഞ്ഞ് ജനിക്കുമ്പോൾ അമ്മാവൻ സ്വർണം നൽകുന്ന തമിഴ് പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതിക്ക് ‘തായ് മാമൻ തങ്ക മോതിരം’ എന്ന പേര് നൽകിയിരിക്കുന്നത്.
സ്വർണ മോതിരത്തിന് പുറമെ കുഞ്ഞിന് ആവശ്യമായ വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും ഉൾപ്പെടുന്ന ബേബി കിറ്റും പദ്ധതിയുടെ ഭാഗമായി നൽകും.മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു. മധുരയിലെത്തിയ കുട്ടികൾക്ക് മുഖ്യമന്ത്രി നേരിട്ട് സ്വർണ മോതിരം നൽകി. ചില കുട്ടികളുടെ പേരിടൽ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു.
പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം 102 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. പദ്ധതിക്കായി 755.83 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്കൽപേട്ട്, തിരുപ്പൂർ ജില്ലകൾ ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് നിലവിൽ പദ്ധതിക്ക് തുടക്കമായത്.
