സിക്കിമിൽ യുവ കായിക താരങ്ങളോടൊപ്പം ഫുട്ബോൾ കളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി. രാവിലെ പ്രഭാതം നടത്തത്തിനിടെയായിരുന്നു യുവ ഫുട്ബോളർമാർക്ക് അദ്ദേഹം ഈ അപൂർവ്വ നിമിഷം സമ്മാനിച്ചത്. എക്സിലൂടെ കായികതാരങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയും നരേന്ദ്രമോദി പങ്കിട്ടു.
ത്രിവർണ്ണ പതാക ആലേഖനം ചെയ്ത നീല സ്പോർട്സ് ജാക്കറ്റ് ആയിരുന്നു മോദിയുടെ വേഷം. പ്രഭാത നടത്തത്തിനായി മൈതാനത്ത് എത്തിയ അദ്ദേഹം യുവ ഫുട്ബോൾ കളിക്കാരോടൊപ്പം ആവേശത്തോടെ പന്തു തട്ടി. അവരോട് കുശലം പറഞ്ഞു ഹസ്തദാനം നൽകിയാണ് അദ്ദേഹം മടങ്ങിയത്. കായികതാരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പ്രധാനമന്ത്രിതന്നെ യാണ് തന്റെ എക്സ് പേജിലൂടെ പങ്കുവെച്ചത്. ഇതിനോടകം 4 മില്യൺസ് ആളുകളാണ് ചിത്രങ്ങൾ കണ്ടത്.
രണ്ടു ദിവസത്തെ ഔദ്യോഗിക പരിപാടികൾക്കായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാലയൻ സംസ്ഥാനത്ത് എത്തിയത്. സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50 വാർഷികാഘോഷ സമാപന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. 4,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.
യാത്രയുടെ ഭാഗമായി, പ്രധാനമന്ത്രി ഗാങ്‌ടോക്കിലെ സ്വർണ്ണജയന്തി മൈത്രി മഞ്ജരി പാർക്കിലെ ഓർക്കിഡേറിയവും സന്ദർശിക്കും.തുടർന്ന് പാൽജോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന രൂപീകരണ ആഘോഷങ്ങളിൽ പങ്കെടുക്കും. അവിടെ നടക്കുന്ന ബഹുജന സമ്മേളനത്തിൽ സിക്കിം ജനതയെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് സംസ്ഥാന തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
