രാജ്യത്തിന്റെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ലെഫ്റ്റനന്റ് ജനറൽ എൻ എസ് രാജ സുബ്രഹ്മണിയെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ സിഡിഎസ് ജനറൽ അനിൽ ചൗഹാൻ മെയ് 30ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനം. സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായും ലെഫ്റ്റനന്റ് ജനറൽ എൻ എസ് രാജ സുബ്രഹ്മണി സേവനമനുഷ്ഠിക്കും. 1985ൽ ഗർവാൾ റൈഫിൾസിൽ കമ്മീഷൻ ചെയ്യപ്പെട്ട അദ്ദേഹം, ആർമി വൈസ് ചീഫ്, സെൻട്രൽ കമാൻഡ് മേധാവി എന്നീ നിലകളിൽ ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്.
ഇതോടൊപ്പം ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെ നിയമിച്ചു. മെയ് 31ന് വിരമിക്കുന്ന അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിക്ക് പകരക്കാരനായാണ് ചുമതലയേൽക്കുന്നത്. നിലവിൽ വെസ്റ്റേൺ നേവൽ കമാൻഡ് മേധാവിയായ സ്വാമിനാഥൻ, ഐഎൻ എസ് വിക്രമാദിത്യ ഉൾപ്പെടെയുള്ള പ്രമുഖ യുദ്ധക്കപ്പലുകളുടെ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്. ഈ രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഈ മാസം അവസാനത്തോടെ തങ്ങളുടെ പുതിയ ചുമതലകൾ ഏറ്റെടുക്കും.
