രാജ്യതലസ്ഥാനമായ ഡെൽഹിയിൽ കടുത്ത ചൂട് തുടരുന്നു. താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു. വരണ്ട ചൂടുകാറ്റും കഠിനമായ വെയിലും കാരണം ഡെൽഹിയിൽ പലയിടങ്ങളിലും 44 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. വരും ആഴ്ചയിലും നഗരത്തിൽ സമാനമായ രീതിയിൽ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സഫ്ദർജംഗിൽ സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് ഉയർന്ന് 43.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഔദ്യോഗികമായി ഉഷ്ണതരംഗം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2024ന് ശേഷമുള്ള ഏറ്റവും ചൂടേറിയ മെയ് മാസത്തെ ദിവസമായിരുന്നു കടന്നുപോയത്.
ഡെൽഹിയിലെ റിഡ്ജ് പ്രദേശത്താണ് ഏറ്റവും ഉയർന്ന താപനിലയായ 44.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്നും പാകിസ്താന്റെ ചില ഭാഗങ്ങളിൽ നിന്നും വീശുന്ന വരണ്ട വടക്കുപടിഞ്ഞാറൻ കാറ്റാണ് ഡെൽഹിയിലെ ചൂട് ഇത്രയധികം വർധിപ്പിക്കാൻ കാരണം. അടുത്ത 10 ദിവസം ഇടിയോടുകൂടിയ മഴയ്ക്കുള്ള സാധ്യതയില്ലാത്തതിനാൽ വരും ദിവസങ്ങളിൽ ചൂട് ഇനിയും ഉയരാൻ സാധ്യതയുണ്ട്. അതിനാൽ സൂര്യാഘാതം ഉൾപ്പെടെയുള്ളവയ്ക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജാഗ്രതാ നിർദേശമുണ്ട്.
