മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനം. എസ്ഐആറിലൂടെ പുറത്തായ 13 കോടി പേരെ വോട്ടർപട്ടികയിൽ തിരികെ ഉൾപ്പെടുത്തണമെന്നും എസ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.തുടർ പ്രതിഷേധം സംബന്ധിച്ച പ്രഖ്യാപനം നാളത്തെ ഇന്ത്യ സഖ്യ യോഗത്തിന് ശേഷമാകും. ഒറ്റയ്ക്ക് തീരുമാനങ്ങൾ പ്രഖ്യാപിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ഇംപീച്ച്മെന്റ് നടപടികളടക്കം നാളെ ചർച്ച ചെയ്യും.
അതേസമയം, ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുക്കാനാകില്ലെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അറിയിച്ചു. പ്രായോഗിക ബുദ്ധിമുട്ടുകളാണ് കാരണമെന്നും പ്രതിനിധിയെ അയയ്ക്കാമെന്നും അഖിലേഷ് അറിയിച്ചു. കെ.സി. വേണുഗോപാലുമായും മല്ലികാർജുൻ ഖർഗെയുമായും അഖിലേഷ് ആശയവിനിമയം നടത്തി.
തമിഴ്നാട്ടിലെ പ്രധാന കക്ഷിയായ ഡിഎംകെയെ സഖ്യത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വിഷയം നാളത്തെ യോഗത്തിൽ ചർച്ച ചെയ്യും. ജനാധിപത്യത്തെ തകർക്കുന്ന കാഴ്ച കണ്ടുനിൽക്കാനാകില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തലും പ്രവർത്തക സമിതിയിൽ ചർച്ചയായി. വിഷയം രമേശ് ചെന്നിത്തലയാണ് ഉന്നയിച്ചത്. ഗ്യാനേഷ് കുമാർ ബിജെപിയുടെ ഏജന്റാണെന്നതിന് ഇനി എന്ത് തെളിവാണ് വേണ്ടതെന്ന് ചെന്നിത്തല ചോദിച്ചു. തുടർ പ്രതിഷേധങ്ങളിലും വിഷയം ഉന്നയിക്കാനാണ് കോൺഗ്രസ് തീരുമാനം.അതിനിടെ, ഗാന്ധിജയന്തി ദിനത്തിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്ന ശശി തരൂരിന്റെ നിർദേശത്തെ ഖർഗെ പരിഹസിച്ചു. പ്രതിഷേധം നടത്താം, എന്നാൽ സമരസ്ഥലത്ത് കാണണമെന്നും വിദേശത്തേക്ക് കടന്നേക്കരുതെന്നും ഖർഗെ പറഞ്ഞു.
