ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിൽ ജയമാധവൻ നായരെ കൊലപ്പെടുത്തിയിട്ടില്ലെന്ന് രവീന്ദ്രൻ ആവർത്തിച്ചു. തന്നെ കുടുക്കാൻ പരാതിക്കാരൻ അനിൽ ആകാം കൊലപാതകം നടത്തിയതെന്നാണ് രവീന്ദ്രൻ്റെ ആരോപണം. അതേസമയം പ്രതിയെ ഇന്ന് കൂടത്തിൽ തറവാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഏറെ കോളിളക്കം സൃഷ്ടിച്ച കരമന കൂടത്തിൽ കൊലപാതക കേസിൽ ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയതുമുതൽ മുഖ്യപ്രതി രവീന്ദ്രൻ നായരെ ക്രൈം ബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തു. എന്നാൽ, ഇയാൾ ചോദ്യംചെയ്യലിനോട് സഹകരിച്ചില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. താൻ കൊലപാതകം ചെയ്തിട്ടില്ല എന്ന പഴയ മൊഴിയിൽത്തന്നെ ഉറച്ച് നിൽക്കുകയാണ് രവീന്ദ്രൻ നായർ. ‘പോലീസ് ഒരു കഥയുണ്ടാക്കി എന്നെ അതിൽ പെടുത്താനാണ് ശ്രമിക്കുന്നത്. അതിന് നിന്നുതരില്ല’ ഈ നിലപാടാണ് ചോദ്യം ചെയ്യലിൽ ഉടനീളം രവീന്ദ്രൻ നായർ സ്വീകരിച്ചത്. കേസിന്റെ അന്വേഷണത്തിന് കാരണക്കാരനായ പരാതിക്കാരൻ കാലടി സ്വദേശി അനിലിന് തന്നോട് പണ്ടുമുതലേ വിരോധമുണ്ടെന്നും തന്നെ കുടുക്കാനായി അയാൾ കൊലപാതകം ചെയ്തതാകാം എന്നുമാണ് രവീന്ദ്രൻ നായർ നൽകിയ മൊഴി. ഉച്ചയോടെ രവീന്ദ്രനെ കൂടത്തിൽ തറവാട്ടിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൃത്യം നടന്നു എന്ന് പറയുന്ന മുറിയിൽ നിന്ന് അന്വേഷണ സംഘത്തിന് കൂടുതൽ തെളിവൊന്നും ലഭിച്ചിട്ടില്ല.
അന്വേഷണ പരിധിയിലുള്ള സാജുവിന് കൊലപാതകത്തിലുള്ള പങ്ക് എന്തെന്ന ചോദ്യത്തിനും രവീന്ദ്രൻ കൃത്യമായി ഉത്തരം നൽകിയിട്ടില്ല. ജോലിക്കാരി ലീല, മുൻ കാര്യസ്ഥൻ സഹദേവൻ, മരുമകൻ ശെന്തിൽ, വിവാദ ഓട്ടോ ഡ്രൈവർ എന്നിവരെ കുറിച്ചുള്ള മൊഴികളും ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടില്ല. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ രവീന്ദ്രനെ കോടതിയിൽ ഹാജരാക്കി വീണ്ടും ജയിലിലേക്ക് മാറ്റി.
