യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് ജനകീയ പ്രതിഷേധങ്ങൾ പടരുകയാണ്. ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി യെല്ലോ വെസ്റ്റ് പ്രസ്ഥാനം വീണ്ടും സജീവമാകുമ്പോൾ, പരിസ്ഥിതി പ്രതിസന്ധിയും സർക്കാരിന്റെ നടപടിയില്ലായ്മയും ഇന്തോനേഷ്യയിലും ജനരോഷം ശക്തമാക്കുകയാണ്.
ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, അൽബേനിയ, പോർച്ചുഗൽ തുടങ്ങി യൂറോപ്യൻ രാജ്യങ്ങളിൽ വിലക്കയറ്റം, തൊഴിലില്ലായ്മ, ജീവിതച്ചെലവിലെ വർധനവ് എന്നിവയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അവിടെ വിദ്യാർത്ഥികളെ ഇരട്ടി കരുത്തോടെ മുന്നോട്ട് നയിക്കാൻ ഇപ്പോൾ തെരുവിലിറങ്ങിയിരിക്കുകയാണ് ഫ്രഞ്ച് അധികൃതരെ വിറപ്പിച്ച യെലോ വെസ്റ്റ് മൂവ്മെന്റ് എന്ന ‘മഞ്ഞക്കുപ്പായക്കാർ’.
2018-ൽ ഇന്ധനവില വർധനയ്‌ക്കെതിരെ ആരംഭിച്ച പ്രക്ഷോഭത്തിലൂടെ ശ്രദ്ധ നേടിയ ഇവർ, പാരീസിൽ റാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇറ്റലിയിലടക്കം വിദ്യാർഥികളും തൊഴിലാളി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. പ്രതിഷേധങ്ങൾക്കിടെ ചിലയിടങ്ങളിൽ പൊലീസുമായി ഏറ്റുമുട്ടലുമുണ്ടായി. സംഭവത്തെ അപലപിച്ച് രാഷ്ട്ര തലവന്മാർ രംഗത്തെത്തിയെങ്കിലും അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
ഇതിനിടെ, കാട്ടുതീയും വിഷപ്പുകയും വായുമലിനീകരണവും ഇന്തോനേഷ്യയിൽ ജനരോഷം ശക്തമാക്കുകയാണ്. വായുമലിനീകരണത്തെ തുടർന്ന് 2.77 ലക്ഷത്തിലധികം പേർക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് കണക്ക്. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാനോയുടെ ചില വിവാദ നയങ്ങൾക്കെതിരെയും മുൻപ് വിദ്യാർത്ഥി പ്രതിഷേധങ്ങൾ നടന്നിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടിയില്ലായ്മയെ പ്രതിഷേധക്കാർ രൂക്ഷമായി വിമർശിച്ചു.
