പുലർച്ചെ മുതൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രം തന്ത്രിയും മുഖ്യ അർച്ചകനുമായ ഡോ. രാമചന്ദ്ര അഡിക ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പുലർച്ചെ മൂന്ന് മണിക്ക് ക്ഷേത്രനട തുറന്നതോടെയാണ് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായത്. ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളിൽ കൗതുകവും പുഞ്ചിരിയും.ചിലർ പരിചയമില്ലാത്ത ചടങ്ങിന്റെ അമ്പരപ്പിൽ കരച്ചിലും. അരിയിൽ മഞ്ഞൾ ചേർത്ത് അക്ഷരങ്ങൾ കുറിച്ച് അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടുവെച്ച് കുട്ടികൾ.
സരസ്വതീ മണ്ഡപത്തിന് സമീപത്തെ ചണ്ഡികാ യാഗശാലയിലായിരുന്നു എഴുത്തിനിരുത്തൽ ചടങ്ങ്. മലയാളികളടക്കം നൂറുകണക്കിന് ഭക്തരാണ് കുട്ടികളുമായി മൂകാംബിക സന്നിധിയിലെത്തിയത്.
ക്ഷേത്രം തന്ത്രിയും മുഖ്യ അർച്ചകനുമായ ഡോ. രാമചന്ദ്ര അഡികയുടെ മുഖ്യകാർമികത്വത്തിൽ ആചാര്യന്മാരാണ് വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വിദ്യാദേവതയ്ക്ക് നൃത്താർച്ചനയും സംഗീതാർച്ചനയുമർപ്പിച്ചാണ് ഭക്തർ മടങ്ങിയത്.
വിജയദശമി ദിനത്തിലെ വിജയോത്സവത്തോടെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് സമാപനമാകും.
