എഴുത്ത് : അനൂപ് പരമേശ്വരൻ
പകർച്ചവ്യാധികളും പട്ടിണിയും നിറഞ്ഞ ലോകത്ത് ജനിച്ച വിഎസ് അച്യുതാന്ദൻ സംസ്ഥാന മുഖ്യമന്ത്രി പദവയിലേക്കെത്തിയത് അസാധാരണ മനക്കരുത്ത് കൊണ്ടാണ്.
ബാല്യകാലം
അമ്പലപ്പുഴ പുന്നപ്ര വെന്തലത്തറ എന്ന ഓലമേഞ്ഞ വീട്. അവിടെ ശങ്കരന്റെയും അക്കമ്മയുടേയും മകനായി അച്യുതാനന്ദൻ ജനിച്ചത് 1923 ഒക്ടോബർ 20 ന്. ജനിച്ച് പത്താം മാസമായിരുന്നു കേരളത്തെ മുക്കിയ 99ലെ വെളളപ്പൊക്കം. നിരവധി പേർ കുട്ടനാട്ടിൽ ചത്തുപൊങ്ങിയ ആ വെള്ളപ്പൊക്കത്തിൽ മാതാവിനേയും മക്കളേയും വള്ളത്തിൽ കയറ്റി ഒറ്റയ്ക്കു തുഴഞ്ഞാണ് ശങ്കരൻ മറുകര എത്തിച്ചത്. അച്യുതാന്ദൻറെ അതിജീവനങ്ങളുടെ തുടക്കം അവിടെയായിരുന്നു.
അടുത്ത പരീക്ഷണം വസൂരിയായിരുന്നു. അച്യുതാനന്ദന് അന്ന് നാലു വയസ്സാണ്. നാട്ടിൽ ആദ്യം വസൂരി ബാധിച്ചത് അക്കമ്മയ്ക്കാണ്. അതോടെ മക്കളെ പാടത്തിനക്കരെ ബന്ധുവീട്ടിലേക്കു മാറ്റി. ഗംഗാധരനും പുരുഷോത്തമനും അച്യുതാനന്ദനും പിന്നെ ആഴിക്കുട്ടി. ഇവരായിരുന്നു മക്കൾ. വസൂരി നാട്ടിലെ മറ്റുപലരേയും എന്നതുപോലെ അക്കമ്മയെയും കൊണ്ടുപോയി. കുട്ടികൾ നാലുപേരും പിന്നെ അപ്പച്ചിയുടെ മേൽനോട്ടത്തിലായി.
രാഷ്ട്രീയ ജീവിതം
പിതാവ് ശങ്കരൻ മരിക്കുമ്പോൾ അച്യുതാനന്ദന് വയസ്സ് 11. അതോടെ ആ വിട്ടിലെ എല്ലാവരുടേയും പഠനവും നിന്നു. തയ്യൽക്കട നടത്തിയിരുന്ന ജ്യേഷ്ഠൻ ഗംഗാധരൻ അച്യുതാനന്ദനെ ഒപ്പം കൂട്ടി. ജ്യേഷ്ഠന്റെ പീടികയിൽ രണ്ടാൾക്കു ജീവിക്കാനുള്ളത് ഇല്ലെന്നു തിരിച്ചറിഞ്ഞതോടെ കയർ ഫാക്ടറിയിലേക്ക്. ആസ്പിൻവാൾ എന്ന അയ്യായിരം തൊഴിലാളികൾ ഉണ്ടായിരുന്ന ആ കമ്പനിയിൽ നിന്നാണ് പി. കൃഷ്ണപിള്ള അച്യുതാനന്ദനിലെ നേതാവിനെ കണ്ടെത്തുന്നത്. 1939ൽ കണ്ണൂർ പാറപ്പുറത്തു കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായ സമയമായിരുന്നു അത്. പുന്നപ്രയിൽ ആദ്യ അംഗത്വം അച്യുതാനന്ദന്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അത്രതന്നെ പ്രായമുള്ള പാർട്ടിപ്രവർത്തനം എന്നു പറയാം.
ഇന്ത്യ സ്വതന്ത്രയാകുമ്പോൾ സ്വാതന്ത്ര്യം കിട്ടാത്ത രണ്ടുപേരായിരുന്നു എ കെ ഗോപാലനും വിഎസ് അച്യുതാനന്ദനും. എകെജി കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നെങ്കിൽ വിഎസ് തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്നു.
എ കെ ജിയുടെ ആത്മകഥ സ്വാതന്ത്ര്യപ്പുലരിയെ വിവരിക്കുന്നത് ഇങ്ങനെയാണ്: “ഇഎംഎസ് ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ ജയിൽ മോചിതരായി. അവർ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനായി 14ന് കോഴിക്കോട്ട് എത്തി. അന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ ഒരേയൊരു ഡെറ്റിന്യൂ തടവുകാരൻ ആയിരുന്നു ഞാൻ.”
വിഎസ് അച്യുതാനന്ദൻ ഉൾപ്പെടെ പുന്നപ്ര വയലാർ സമരനായകർ എല്ലാവരും ആ സമയത്തു തിരുവനന്തപുരം സെൻട്രൽ ജയിലിലും ആയിരുന്നു. വിഎസ് ഉൾപ്പെടെയുള്ളവരെ ജയിലിൽ അടച്ച സർ സിപി ഓഗസ്റ്റ് 14ന് തന്നെ രാജിവച്ച് പോയെങ്കിലും തടവുകാർക്ക് മോചനം ഉണ്ടായില്ല. എകെജിയെപ്പോലെ വിഎസും ജയിലിലായിരുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ.
പാർട്ടി പ്രവർത്തനം
1954ൽ വിഎസ് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. മുപ്പത്തിനാലാം വയസ്സിൽ 1957ൽ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. അന്നു സെക്രട്ടേറിയറ്റിൽ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞയാളായിരുന്നു വിഎസ്. 1957ൽ ഒന്നാം ഇഎംഎസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്തപ്പോഴും വിഎസിന് ഉണ്ടായിരുന്നു വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തം. സർക്കാരിനെ ഉപദേശിക്കാനുള്ള ഒൻപതംഗ സമിതിയിലെ അംഗമായിരുന്നു വിഎസ്.
1943ൽ ബോംബെയിൽ ആയിരുന്നു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ്. അതിനു മുന്നോടിയായി കോഴിക്കോട് നടന്ന സമ്മേളനമായിരുന്നു ആദ്യ സംസ്ഥാന സമ്മേളനം എന്നു വിളിക്കാവുന്നത്. അതിൽ പങ്കെടുത്തയാളാണ് വി എസ് അച്യുതാനന്ദൻ. ആ സമിതിയിലെ ഏക ചെറുപ്പക്കാരനായിരുന്നു അന്ന് 34 വയസ്സു മാത്രമുണ്ടായിരുന്ന അച്യുതാനന്ദൻ.
പുന്നപ്ര വയലാർ സമരത്തിലെ പങ്കാളിത്തത്തിൻറെ പേരിൽ വിഎസിനെ രാഷ്ട്രീയ ശത്രുക്കൾ എപ്പോഴും സംശയത്തിലാക്കാറുണ്ട്. എന്നാൽ പൊലീസ് രേഖകൾ അനുസരിച്ച് വിഎസ് ആ സമരത്തിൻറെ മുഖ്യ സംഘാടകരിൽ ഒരാളാണ്.
1946 ഒക്ടോബർ 27 നാണ് പുന്നപ്ര വയലാർ സമരങ്ങളുടെ ഭാഗമായ വെടിവയ്പ്പ്. വിഎസ് പൂഞ്ഞാറിൽ വച്ച് പിടിയിലാകുന്നത് പിറ്റേന്ന് ഒക്ടോബർ 28ന് ആണ്. അറസ്റ്റിലായ തൊഴിലാളികൾ എല്ലാം നൽകിയ മൊഴി അനുസരിച്ച് വിഎസ് ആയിരുന്നു സമരനിർദേശകനും നടത്തിപ്പുകാരനും. കൂലിയും ഭൂമിയിൽ അവകാശവും ഇല്ലാതെ തൊഴിലാളികൾ കൊടിയ ചൂഷണം നേരിടുന്ന സമയത്തായിരുന്നു സമരം. പോരാത്തതിന് രണ്ടാം ലോകയുദ്ധാനന്തരമുള്ള ഭക്ഷ്യക്ഷാമവും.
സംഘടിക്കാൻ നിർദേശിച്ച് പുന്നപ്ര താലൂക്കിലാണ് ആദ്യ യോഗം വിളിച്ചത്. സർക്കാരിനെതിരേ ക്യാമ്പുകൾ സംഘടിപ്പിക്കാൻ ആ പാർട്ടി യോഗത്തിൽ നിർദേശിച്ചത് വിഎസ് അച്യുതാനന്ദനാണ്. ടി വി തോമസും എം എൻ ഗോവിന്ദൻ നായരും ആ നിർദേശം അംഗീകരിച്ചു. ആദ്യത്തെ ക്യാമ്പ് തുറന്നത് മറ്റെവിടെയും ആയിരുന്നില്ല. വിഎസിന്റെ ഇപ്പോഴത്തെ വസതിയുള്ള വേലിക്കകത്ത് ആയിരുന്നു.
12 ദിവസമാണ് വിഎസിന്റെ നേതൃത്വത്തിൽ അവിടെ തൊഴിലാളികൾ ഏറ്റുമുട്ടലിനുള്ള പരിശീലനം നടത്തിയത്. അതുകൊണ്ടു തന്നെ ആ സമരത്തിന്റെ മുഖ്യ സംഘാടകനും മുഖ്യപ്രതിയും വി. എസ് അച്യുതാനന്ദൻ ആയി.
വെടിവെപ്പ് നടന്നതോടെ എം എൻ ഗോവിന്ദൻ നായർ നിർദേശിച്ചാണ് വൈകുന്നേരത്തോടെ വിഎസ് ഒളിവിൽ പോകുന്നത്. പാർട്ടി സംഘടിപ്പിക്കാൻ ചിലർ പുറത്തുണ്ടാകണം എന്നായിരുന്നു നിർദേശം. എന്നാൽ ചിലർ ഒറ്റുകൊടുത്തതോടെ പിറ്റേന്നു തന്നെ പൂഞ്ഞാറിൽ വച്ച് വിഎസ് പിടിയിലായി. ആദ്യം മർദനമേറ്റത് പൂഞ്ഞാർ പൊലീസ് സ്റ്റേഷനിൽ വച്ചായിരുന്നു. പിന്നെ പാലാ ഔട്ട്പോസ്റ്റിൽ കൊണ്ടുപോയും മർദിച്ചു. ഇടിയൻ നാരായണപിള്ള എന്നു കുപ്രസിദ്ധനായിരുന്ന എസ്ഐയുടെ നേതൃത്വത്തിലായിരുന്നു മർദനം. ബയണറ്റു കുത്തിയിറക്കിയതിന്റെ പാട് വിഎസിൻറെ കണങ്കാലിൽ എക്കാലവും മായാതെ കിടന്നു.
മർദനത്തിനൊടുവിൽ അനക്കമറ്റ വിഎസ് മരിച്ചെന്നു കരുതി പൊലീസ് ഉപേക്ഷിച്ചു. സെല്ലിൽ ഒപ്പമുണ്ടായിരുന്ന മോഷണക്കേസ് പ്രതി കോലപ്പനാണ് ശ്വാസമുണ്ടെന്നു തിരിച്ചറിഞ്ഞത്. കോലപ്പൻ ബഹളം വച്ചതോടെയാണ് പാർട്ടിയോട് അനുകമ്പയുണ്ടായിരുന്ന ചില പോലീസുകാർ ഇടപെട്ട് വിഎസിനെ ആശുപത്രിയിലേക്കു മാറ്റുന്നത്.
